
നഗരത്തില്‍ ഹരിതാഭ പടര്‍ത്തുവാനുള്ള നഗരസഭയുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് ലഭിച്ച ഒരു പുരസ്‌കാരമാണ് 2020-ലെ “മരങ്ങളുടെ നഗരം'' എന്ന അന്താരാഷ്ട്ര അംഗീകാരം
ഹൈദരാബാദ്: ഹൈദരാബാദിന്‍റെ കിരീടത്തിലേക്ക് ഒരപൂര്‍വ്വ രത്‌നം കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും ഊര്‍ജജ്‌സ്വലമായ നഗരം എന്ന അംഗീകാരം തേടികൊണ്ടിരിക്കവെയാണ് ഹൈദരാബാദിന് ഈ പുതിയ നേട്ടം. നഗരത്തില്‍ ഹരിതാഭ പടര്‍ത്തുവാനുള്ള നഗരസഭയുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് ലഭിച്ച ഒരു പുരസ്‌കാരമാണ് 2020-ലെ “മരങ്ങളുടെ നഗരം'' എന്ന അന്താരാഷ്ട്ര അംഗീകാരം. ഐക്യരാഷ്ട്ര സഭയുടെ ഒരു സംഘടനയായ എഫ്എഒയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ബര്‍ ഡേ ഫൗണ്ടേഷന്‍ ആണ് നഗരത്തിന് ഈ പുരസ്‌കാരം നല്‍കിയിരിക്കുന്നത്. കോടിവൃക്ഷാര്‍ച്ചന അല്ലെങ്കില്‍ “ഒരു കോടി മരങ്ങള്‍ കൊണ്ടൊരു അര്‍ച്ചന” എന്ന പദ്ധതിക്ക് തുടക്കമിട്ടതിന്‍റെ തൊട്ടടുത്ത ദിവസമാണ് നഗരത്തെ തേടി ഈ അംഗീകാരം വന്നെത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ പിറന്നാള്‍ ദിവസമാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്ത് ഈ പുരസ്‌കാരം നേടിയ ഏക നഗരമാണ് ഹൈദരാബാദ്. ഹരിതാഭ ഇഷ്ടപ്പെടുന്ന എല്ലാവരേയും സംബന്ധിച്ചിടത്തോളം ഇതൊരു ആവേശമുണര്‍ത്തുന്ന നേട്ടമായി മാറി.
ഹരിത തെലങ്കാനയെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുന്ന ശ്രമത്തിന്‍റെ ഭാഗമായി രാജ്യസഭാംഗം സന്തോഷ് കുമാര്‍ 2017 ജൂലായില്‍ ഗ്രീന്‍ ഇന്ത്യാ ചാലഞ്ച് എന്നൊരു പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിതഹാരം, കോടിവൃക്ഷാര്‍ച്ചന എന്നിങ്ങനെയുള്ള പരിപാടികളിലും പ്രതിഫലിച്ചു കണ്ടത് അതേ ആവേശം തന്നെയായിരുന്നു.
സ്വാഗതാര്‍ഹമായ ഒരു സംഭവ വികാസമെന്ന നിലയില്‍ സിനിമാ താരങ്ങള്‍ മുതല്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ വരെയായി നിരവധി പേര്‍ വിവിധ മേഖലകളില്‍ നിന്നും ഈ ഹരിതവല്‍ക്കരണ പദ്ധതിയിൽ പങ്കാളികളായി മാറുകയുണ്ടായി. ഇത്ര വലിയ തോതില്‍ നഗരം മുഴുവന്‍ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് പച്ചപ്പ് പരത്തുവാനുള്ള ശ്രമം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ഇടുങ്ങിയ രാഷ്ട്രീയ അജണ്ടയൊന്നുമല്ലായിരുന്നു. സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ക്ക് സംഭാവന നല്‍കുകയും പൊതു ജനാരോഗ്യം മെച്ചപ്പെടുത്തുകയും പാരിസ്ഥിതിക സന്തുലനം കൊണ്ടു വരികയും ചെയ്യുന്ന ഒരു യജ്ഞം തന്നെയായിരുന്നു അത്. മര തൈകളെ വലിയ മരങ്ങളാക്കി വളര്‍ത്തുന്നതിനുള്ള നയങ്ങളും, അതുപോലെ മരങ്ങളെ തത്വദീക്ഷയില്ലാതെ വെട്ടി നിരത്തുന്നതിനെതിരെയുള്ള നയങ്ങളും വലിയ തോതില്‍ ഹരിതാഭ വളര്‍ത്തി കൊണ്ടു വരുന്നതിന് നിര്‍ണ്ണായക ഘടകങ്ങളാണ്.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വ്യക്തിപരമായ തലത്തിലും സാമൂഹിക തലങ്ങളിലും ഹരിതവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ഊന്നല്‍ നല്‍കണമെന്ന് പരിസ്ഥിതി സംരക്ഷകര്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. മലിനീകരണത്തിന്‍റെ ഭീകരത അതിന്‍റെ കരിനിഴല്‍ പരത്തി കൊണ്ടിരിക്കുന്നതിന് കാരണം ആഗോള താപനത്തിനെതിരെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകളെ അവഗണിക്കുന്ന സമീപനമാണ്.
ഗ്രീന്‍ പീസ് എന്ന് പേരുള്ള ദക്ഷിണ പൂര്‍വ്വേഷ്യന്‍ സംഘടന നടത്തിയ പഠനം വെളിപ്പെടുത്തുന്നത് ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ലഖ്നൗ എന്നിങ്ങനെയുള്ള നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം മൂലം 1.2 ലക്ഷം ജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. ഈ സംഘടനയുടെ കണക്ക് കൂട്ടല്‍ പ്രകാരം ഈ ആറ് നഗരങ്ങളില്‍ മലിനീകരണം മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കും മറ്റുമായി 1.3 ലക്ഷം കോടി രൂപ ചെലവഴിക്കേണ്ടി വന്നിരിക്കുന്നു എന്നാണ്.
പരിസ്ഥിതി മലിനീകരണം ലോകം മുഴുവനുള്ള രാജ്യങ്ങളെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഗുരുതരമാംവിധം ബാധിക്കപ്പെട്ട 67 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉള്ളത്. ചൈനയില്‍ നടന്ന് വരുന്ന വനവല്‍ക്കരണ പദ്ധതി പ്രതിവര്‍ഷം 25 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ശുദ്ധീകരിക്കുവാന്‍ പ്രാപ്തമായ ഹരിതാഭ സൃഷ്ടിക്കുന്നതിന് സഹായകമായി എന്നും അത് പ്രതിദിനം 60 കിലോ ഓക്‌സിജന്‍ പുറം തള്ളുന്നു എന്നുമാണ് അറിയുന്നത്.
ചൈന നടപ്പാക്കിയിരിക്കുന്ന ഈ വനവല്‍ക്കരണ പദ്ധതി മികച്ച ഫലങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കോസ്റ്റാറിക്ക തങ്ങളുടെ രാജ്യത്തെ ഭൂപ്രകൃതിയിൽ ഹരിതാഭ 21 ശതമാനത്തില്‍ നിന്നും 52 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നു. അതുപോലെ ബ്രസീല്‍ തങ്ങളുടെ രാജ്യത്തെ പച്ചപ്പ് 60 ശതമാനം ഭൂപ്രകൃതി മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. മരങ്ങള്‍ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി നടപ്പില്‍ വരുത്തിയ ബഹുജന മുന്നേറ്റങ്ങളാണ് ഇത്രയും വലിയ ഹരിതാഭ നേടിയെടുക്കുവാന്‍ ഈ രാജ്യങ്ങളെ സഹായിച്ചത്.
മരങ്ങള്‍ അന്തരീക്ഷ ഊഷ്മാവിനെ സന്തുലനം ചെയ്ത് ജലത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നു. മാനവകുലത്തിന്‍റെ ആരോഗ്യകരമായ ഭാവിയിലേക്കുള്ള ചവിട്ടുപടികളാണ് മരങ്ങള്‍. സാമൂഹിക വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കുവാനുള്ള നിധി ആയോഗിന്റെ ആസൂത്രണവും ഹരിത ഇന്ത്യയെ സൃഷ്ടിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കങ്ങളും കടലാസിലൊതുങ്ങി പോകുന്ന മഹത്തായ വീക്ഷണങ്ങളായിക്കൂടാ. ഹൈദരാബാദ് നേടിയെടുത്തിരിക്കുന്ന നേട്ടം എല്ലാ നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും ഹരിതാഭ വ്യാപിപ്പിക്കുന്നതിന് വന്‍ തോതില്‍ പ്രചോദനമായി മാറിയാല്‍ മാത്രമേ ഹരിത ഇന്ത്യ എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുവാനുള്ള വന്‍ ചുവടുവെയ്പ്പ് വിജയകരമായി മാറുകയുള്ളൂ.