
വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി ഇതിനോടകം തന്നെ മറ്റൊരു പേരു സ്വീകരിച്ച് ആധാർ കാർഡും ബാങ്ക് അക്കൗണ്ടും കരസ്ഥമാക്കിയിരുന്നു.
ഭുവനേശ്വർ: 1999ൽ ഒറീസയിൽ നടന്ന കൂട്ടബലാത്സംഗ കേസിലെ മുഖ്യ പ്രതി 22 വർഷങ്ങൾക്ക് ശേഷം പിടിയിൽ. മഹാരാഷ്‌ട്രയിലെ ആംബി വാലിയിൽ നിന്നാണ് പ്രതി ബിബാനെ പിടികൂടിയത്. വർഷങ്ങളായി ഒളിവിലായിരുന്ന ഇയാൾ ഇതിനോടകം തന്നെ മറ്റൊരു പേരു സ്വീകരിച്ച് ആധാർ കാർഡും ബാങ്ക് അക്കൗണ്ടും കരസ്ഥമാക്കിയിരുന്നു. ഇയാൾ വർഷങ്ങളായി സ്വെയ്ൻ എന്ന പേരിൽ പ്ലംബർ ആയി ജോലി ചെയ്യുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ സുധാൻഷു സാരംഗി പറഞ്ഞു. പിടിക്കപ്പെടാതിരിക്കാൻ ഒളിവിൽ പോയ ഇയാൾ താൻ മരിച്ചുവെന്ന് വരുത്തി തീർക്കാൻ മരണ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.
മൂന്ന് മാസം മുമ്പാണ് രഹസ്യമായി പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തെ തുടർന്ന് ഐഐസി രശ്‌മി രഞ്ജൻ മോഹൻപാത്രയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഫെബ്രുവരി 19ന് മുംബൈയിലേക്ക് പുറപ്പെടുകയായിരുന്നു. തുടർന്ന് സ്വെയ്ൻ എന്ന വ്യക്തി ആംബി വാലിയിൽ പ്ലംബർ ആയി ജോലിചെയ്യുന്നുവെന്നും 2.5 കിലോമീറ്റർ അകലെയുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ജോലി സ്ഥലത്തേക്കെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞു. 1999ലെ കേസ് ഇനി സിബിഐക്ക് കൈമാറുമെന്നും തുടർ നടപടി അന്വേഷണ ഏജൻസി ഏറ്റെടുക്കുമെന്നും പൊലീസ് പറഞ്ഞു.
പ്രതികളിൽ ഒരാൾ പത്രപ്രവർത്തകനാണ്. 1999 ജനുവരി 10ന് രാത്രി ഭുവനേശ്വറിൽ നിന്ന് കട്ടക്കിലേക്ക് പോകുകയായിരുന്ന സ്‌ത്രീയെ മൂന്ന് പേർ ചേർന്ന് കാറിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പാഡിയ, ധീരേന്ദ്ര, ബിബാൻ എന്നിവരാണ് കൃത്യം ചെയ്‌തത്. ജനുവരി 26ന് പാഡിയയെയും ധീരേന്ദ്രയെയും അറസ്റ്റ് ചെയ്തെങ്കിലും ബിബാൻ പൊലീസിന് പിടികൊടുത്തില്ല. മറ്റ് രണ്ട് പ്രതികൾക്കും 2002ൽ ഖോർദ ജില്ലാ, സെഷൻസ് കോടതി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24ന് പ്രതികളിലൊരാളായ പാഡിയ അസുഖത്തെ തുടർന്ന് ജയിലിൽ വച്ച് മരിക്കുകയും ചെയ്‌തിരുന്നു.