
15 ദിവസത്തിന് മുമ്പ് അഞ്ച് ശതമാനമായിരുന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 10 ശതമാനമാണ്
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്‌ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പൂനെ ജില്ലയില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ രാത്രി 11 മുതല്‍ രാവിലെ ആറ് മണി വരെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൂനെ ഡിവിഷൻ കമ്മിഷണർ സൗരഭ് റാവു പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അധ്യക്ഷനായ യോഗത്തിലാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. പത്രം, പച്ചക്കറി, ആശുപത്രി എന്നിവയ്‌ക്ക് ഇളവുകളുണ്ട്. ഹോട്ടലുകൾ, ബാർ, റെസ്റ്റോറന്‍റ് എന്നിവ രാത്രി 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാൻ പാടുള്ളു. എല്ലാ സ്കൂളുകളും കോളജുകളും ഫെബ്രുവരി 28 വരെ അടച്ചിടാനും തീരുമാനമായി. സ്വകാര്യ കോച്ചിങ് ഇൻസ്‌റ്റിറ്റ്യൂട്ടുകള്‍ക്കും നിയന്ത്രണം ബാധകമാണ്. മത്സരപരീക്ഷകൾ അടുക്കുന്നതിനാൽ ലൈബ്രറികൾക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
മഹാരാഷ്‌ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനമുള്ള ജില്ലകളില്‍ 12ാം സ്ഥാനത്താണ് പൂനെ. 10 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 15 ദിവസത്തിന് മുമ്പ് ഇത് 4.5 ശതമാനത്തിനും അഞ്ച് ശതമാനത്തിനും ഇടയിലായിരുന്നു. കൊവിഡ് വ്യാപനത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ കാരണം.