
തെലങ്കാനയിലാണ് സംഭവം
ഹൈദരാബാദ്: തെലങ്കാനയിലെ പെഡപ്പള്ളി ജില്ലയിലുണ്ടായ റോഡപകടത്തില്‍ രണ്ട് സ്വര്‍ണവ്യാപാരികള്‍ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രാമഗുണ്ടം എൻടിപിസിക്ക് സമീപമുള്ള മല്യാലപ്പള്ളി റെയിൽവേ പാലം തിരിയുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ കരിംനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം അപകടത്തില്‍പെട്ട കാറിൽ നിന്ന് ഒന്നര കിലോയോളം സ്വർണം പൊലീസ് പിടിച്ചെടുത്തു. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മരിച്ചവരും പരിക്കേറ്റവരും ഗുണ്ടൂർ ജില്ലയിലെ നരസരോപേട്ടി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍പെട്ട കാര്‍ തലകീഴായി മറിഞ്ഞിരിന്നു. കാര്‍ പൊക്കിമാറ്റിയാണ് കാറിനടിയില്‍ പെട്ടവരെ പുറത്തെടുത്തത്. സ്വര്‍ണവ്യാപാരിയായ റാംബാബു, ശ്രീനിവാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഡ്രൈവർ സന്തോഷ്, മരിച്ച ശ്രീനിവാസിന്‍റെ സഹോദരൻ സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.