
നഗരത്തിലെ വിവിധ തിയേറ്ററുകളിലായി 1,199 സീറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 1500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്
കണ്ണൂര്‍: 25ആമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശേരി പതിപ്പിന് നാളെ കൊടിയേറ്റം. തലശേരിയിലെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 1500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്ന മേളക്കായി മുഖ്യവേദിയായ ലിബർട്ടി പാരഡൈസ് കോംപ്ലക്സ് ഉൾപ്പടെയുള്ള വേദികൾ ഒരുങ്ങി കഴിഞ്ഞു. നഗരത്തിലെ വിവിധ തിയേറ്ററുകളിലായി 1,199 സീറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ അണുനശീകരണം പൂർത്തിയാക്കി.
ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനിലൂടെയാണ് ലഭിക്കുക. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ആരംഭിക്കും. റിസർവേഷൻ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പർ എസ്.എം.എസ് ആയി പ്രതിനിധികൾക്ക് ലഭിക്കും.
തെർമൽ സ്‌കാനിങ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. മുപ്പതിൽപരം രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങൾ മാറ്റുരക്കും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മലയാള ചിത്രങ്ങൾ. ലിബർട്ടി കോംപ്ലക്‌സിലെ അഞ്ച് സ്‌ക്രീനുകളിലും ലിബർട്ടി മൂവീ ഹൗസിലുമായിട്ടാണ് മേളയിലെ സിനിമകൾ പ്രദർശിപ്പിക്കുന്നത്.