
കേരളത്തിൽ ആദ്യമായാണ് ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ക്യാൻസർ രോഗ ചികിത്സ കേന്ദ്രം ആരംഭിക്കുന്നത്
മലപ്പുറം: എടവണ്ണയിൽ ആരംഭിക്കുന്ന സീതി ഹാജി ക്യാൻസർ ഡിറ്റക്ഷൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. ചടങ്ങിന്‍റെ പൊതുസമ്മേളനവും ഉദ്ഘാടനവും മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും വയനാട് എം.പി രാഹുൽ ഗാന്ധി നിർവഹിക്കും. കേരളത്തിൽ ആദ്യമായാണ് ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ക്യാൻസർ രോഗ ചികിത്സ കേന്ദ്രം ആരംഭിക്കുന്നത്. അതോടൊപ്പം തന്നെ ക്യാൻസർ രോഗ ചികിത്സക്ക് വേണ്ട മാമോഗ്രാം, എക്‌സറെ, അൾട്രാസൗണ്ട് സ്കാനിങ്, കീമോതെറാപ്പി, ലബോട്ടറി തുടങ്ങി എല്ലാവിധ ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങളും സീതിഹാജി ക്യാൻസർ ഡിറ്റക്ഷൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ സജ്ജമാണ്.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ ചെലവഴിച്ചാണ് രണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ഇതിന് പുറമെ മാമോഗ്രാം മെഷീന്‍ വാങ്ങുന്നതിന് മലപ്പുറം ജില്ലാ പഞ്ചാത്ത് 27.5 ലക്ഷം രൂപ അനുവദിച്ചു. ലോകബാങ്ക് ധനസഹായ പദ്ധതിയിലുള്‍പ്പടുത്തി ഉപകരണങ്ങളും ലാബും തയ്യാറാക്കുന്നതിനായി 27 ലക്ഷം രൂപ എടവണ്ണ ഗ്രാമപഞ്ചായത്ത് അനുവദിച്ചു. അതോടൊപ്പം ഒന്നരകോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നാട്ടുകാര്‍, പ്രവാസികള്‍ തുടങ്ങിയവരുടെയൊക്കെ സഹായം കൊണ്ടാണ് ലഭ്യമായത് എന്ന് സീതി ഹാജി ക്യാൻസർ ഡിറ്റക്ഷൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെ ചെയർമാനും ഏറനാട് എംഎൽഎയുമായ പി.കെ ബഷീർ പറഞ്ഞു. അതോടൊപ്പം തന്നെ എല്ലാവിധ കാൻസർ ചകിത്സയും കേന്ദ്രത്തിൽ സൗജന്യമായിരിക്കും. ഇതിന് പുറമെ കാരുണ്യ ഫാർമസിയുടെ സേവനവും സെന്‍ററില്‍ ലഭ്യമാണെന്നും കാൻസർ മരുന്നുകൾക്ക് 50 ശതമാനം മുതൽ 90 ശതമാനം വരെ ആനുകൂല്യം ലഭിക്കുമെന്നും പി.കെ ബഷീർ എംഎൽഎ പറഞ്ഞു.
ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിക്കും. പി.കെ ബഷീർ എംഎൽഎ സ്വാഗതവും കെ.സി വേണുഗോപാൽ എംപി, പി.വി അബ്ദുൽ വഹാബ് എംപി, എപി അനിൽകുമാർ എംഎൽഎ തുടങ്ങിയവർ മുഖ്യാതിഥികളായും എത്തും. ഇതിന് പുറമേ ത്രിതല പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.