
തൻഹാജി: ദി അൺസങ് വാരിയർ മികച്ച ചിത്രം. പാരസൈറ്റാണ് മികച്ച രാജ്യാന്തര ചിത്രം. ഒടിടി റിലീസിനെത്തിയ ചിത്രങ്ങളെയും ഇത്തവണത്തെ പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചു.
ന്യൂഡല്‍ഹി: ദാദാ സാഹിബ് ഫാല്‍ക്കെ ചലച്ചിത്രമേളയില്‍ കഴിഞ്ഞ വർഷത്തെ മികച്ച നടനായി അക്ഷയ് കുമാറിനെയും മികച്ച നടിയായി ദീപിക പദുകോണിനെയും തെരഞ്ഞെടുത്തു. കാഞ്ചനയുടെ റീമേക്കായ ലക്ഷ്മി എന്ന ഹോറർ- കോമഡി ചിത്രത്തിലൂടെയാണ് അക്ഷയ് കുമാറിന് പുരസ്‌കാരം. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്‌ത ഛപക് എന്ന ചിത്രത്തിലെ പ്രകടനത്തിന് ദീപിക മികച്ച നടിയായി.
അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിനെ ക്രിട്ടിക്സ് ബെസ്റ്റ് ആക്ടർ മെയിൽ ആയി പ്രഖ്യാപിച്ചപ്പോൾ, കിയാര അദ്വാനി ക്രിട്ടിക്സ് ബെസ്റ്റ് ആക്ടർ ഫീമെയിൽ അവാർഡ് സ്വന്തമാക്കി.
അജയ് ദേവ്‌ഗണിന്‍റെ തൻഹാജി: ദി അൺസങ് വാരിയറാണ് മികച്ച ചിത്രം. മികച്ച രാജ്യാന്തര ചിത്രം ഓസ്കർ പുരസ്കാരം നേടിയ പാരസൈറ്റാണ്.
ലുഡോ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അനുരാഗ് ബസു മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇർഫാൻ ഖാന്‍റെ അംഗ്രേസി മീഡിയത്തിലെ പ്രകടനത്തിന് രാധിക മദന് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ഛപാക്കിലെ നടൻ വിക്രാന്ത് മാഷിക്ക് സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു.
ലൂട്ട്കേസിലൂടെ മികച്ച ഹാസ്യതാരമായി കുനാൽ കെമ്മു പുരസ്‌കാരഹർനായി. മികച്ച വെബ് സീരീസ് സ്കാം: 1992വാണ്. വെബ് സീരീസിലെ മികച്ച നടനായി ബോബി ഡിയോളിനും മികച്ച നടിയായി സുഷ്മിത സെന്നിനും ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ സംഭാവനക്ക് ധർമേന്ദ്രയും ഇന്ത്യൻ സിനിമയിലെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്ക് ചേതൻ ഭഗത്തും പുരസ്‌കാരാഹർരായി.
ശനിയാഴ്ച കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ദാദാ സാഹിബ് ഫാൽക്കെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2021 വേദിയിൽ വച്ചാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.