
അല്‍ഫോണ്‍സ് പുത്രനാണ് വീഡിയോ ഗാനത്തിന്‍റെ സംവിധായകൻ.
കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍... മലയാളത്തിന്‍റെ പ്രിയപ്പെട്ട യുവതാരങ്ങളിലൂടെ അച്ഛനും മക്കളും തമ്മിലുള്ള സ്‌നേഹബന്ധത്തെ മ്യൂസിക് വീഡിയോയായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്‍. വിനീത് ശ്രീനിവാസനാണ് ''കഥകൾ ചൊല്ലിടാം'' എന്ന വീഡിയോ ഗാനം എഴുതി ആലപിച്ചിരിക്കുന്നത്. ഹിഷാം അബ്ദുല്‍ വഹാബാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വിനീതും കുഞ്ചാക്കോ ബോബനും കൃഷ്ണ ശങ്കറും വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും അവരുടെ മക്കൾക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. വീഡിയോ ഗാനത്തിന്‍റെ എഡിറ്റർ അൽഫോൺസ് പുത്രൻ തന്നെയാണ്. സംവിധായകന്‍റെ ഭാര്യ അലീന മേരി അൽഫോൺസും എഡിറ്റിങ് അസിസ്റ്റന്‍റായി മ്യൂസിക് വീഡിയോയുടെ ഭാഗമാകുന്നു.
അൽഫോൺസ് പുത്രന്‍റെ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരം, പ്രേമം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനിൽ നിന്നും പുതിയ സിനിമ വരുന്നതിന് മുമ്പുള്ള സൂചനയാണിതെന്നും എപ്പോഴും ഇതുപോലെ വീഡിയോ സോങ് റിലീസ് ചെയ്‌തിട്ടാണ് അൽഫോൺസ് പുതിയ ചിത്രം പ്രഖ്യാപിക്കാറുള്ളതെന്നും ആരാധകർ പറയുന്നു.
അതേ സമയം, നയൻതാരയെയും ഫഹദ് ഫാസിലിനെയും ജോഡിയാക്കി ഒരുക്കുന്ന പാട്ടാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.