
ന്യൂനപക്ഷ വർഗീയത അപകടകരം എന്ന് വിജയരാഘവൻ പറയുന്നത് ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു
കാസർകോട്: ഉത്തർപ്രദേശിൽ ഭീകരവാദികൾക്ക് യോഗി സർക്കാർ ജയിലറ ഒരുക്കുമ്പോൾ കേരളത്തിൽ പിണറായി വിജയൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെസുരേന്ദ്രൻ. കാസർകോട് വിജയ യാത്രയുടെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു ജാഥ നായകൻ കൂടിയായ സുരേന്ദ്രൻ. കന്നടയിലും തുളുവിലും സംസാരിച്ചു കൊണ്ടായിരുന്നു സുരേന്ദ്രന്‍ പ്രസംഗം തുടങ്ങിയത്.
ഭീകരവാദ ശക്തികളെ താലോലിക്കുകയാണ് കേരള സർക്കാർ. കേരളത്തിൽ മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികൾക്കെതിരെയുള്ള ജനരോഷം വിജയ യാത്രയിലുയരും. വിജയരാഘവൻ ന്യൂനപക്ഷ വർഗീയതയാണ് അപകടം എന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ അത് തിരുത്തേണ്ടി വന്നു.
ഉമ്മൻ ചാണ്ടിയും വിജയരാഘവനും ബിജെപിയും സംഘപരിവാറും 50 വർഷമായി പറയുന്ന കാര്യം ഇപ്പോൾ സമ്മതിക്കുന്നത് നല്ലതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ശബരിമലയെ കുറിച്ച് സംസാരിക്കുന്ന ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിശ്വാസികളുടെ കണ്ണിൽ പൊടിയിടുകയാണ്. പിണറായി സർക്കാരിൻ്റെ ഹിന്ദുവേട്ട നടന്നപ്പോൾ കുറ്റകരമായ മൗനം പാലിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു. യോഗിയെ തടയുമെന്ന് പറഞ്ഞ എസ്‌ഡിപിഐക്കാര്‍ അദ്ദേഹം പിണറായി വിജയനും ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ല ഉത്തർപ്രദേശിൻ്റെ കരുത്തനായ മുഖ്യമന്ത്രിയാണെന്ന് ഓർക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.