
കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജില്‍ വെച്ചായിരുന്നു യുവതിക്ക് നേരെ ആക്രമണമുണ്ടായത്. തർക്കത്തെ തുടർന്ന് രാത്രി 10.45 ഓടെ ഭർത്താവ് അഷ്റഫ് കത്തിയുപയോഗിച്ച് സലീനയുടെ കഴുത്തറക്കാൻ ശ്രമിക്കുകയായിരുന്നു
കോഴിക്കോട്: ഭർത്താവ് കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം എടക്കര പാർളി സ്വദേശി കുണ്ടൂപറമ്പിൽ സലീന (42) ആണ് മരിച്ചത്. ഫെബ്രുവരി 13ന് രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ഭർത്താവ് കെ.വി. അഷ്റഫിനെ (38) അന്നുതന്നെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജില്‍ വച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. തർക്കത്തെ തുടർന്ന് രാത്രി 10.45 ഓടെ അഷ്റഫ് കത്തിയുപയോഗിച്ച് സലീനയുടെ കഴുത്തറക്കാൻ ശ്രമിക്കുകയായിരുന്നു. സലീന നിലവിളിച്ചതോടെ ആളുകൾ കൂടി. പരിക്കേറ്റ സലീന ഒറ്റയ്ക്കാണ് ഓട്ടോയിൽ ആശുപത്രിയിലെത്തിയത്. ഭർത്താവാണ് തന്റെ കഴുത്തിൽ കത്തിയുപയോഗിച്ച് പരിക്കേൽപിച്ചതെന്ന് ബോധരഹിതയാകുന്നതിന് മുമ്പ് ഇവർ ആശുപത്രിയിൽ എഴുതി നൽകിയിരുന്നു.
ഒന്നരവയസുള്ള മകൾ അഫ്രിനും ആക്രമണം നടക്കുമ്പോള്‍ ഇവർക്കൊപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളജ് വെന്‍റിലേറ്ററില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പകൽ 11.45 ഓടെയാണ് സലീന മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചാംക്ലാസ് വിദ്യാർഥി അനീഖ് റയാൻ മകനാണ്. പിതാവ് യൂസുഫ്. മാതാവ്: സുബൈദ. സഹോദരങ്ങൾ: ഫെമിന, സെറീന, ഷമീർ.