
ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാൽ കത്ത് നല്‍കിയത് പ്രകാരം ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്പനിയെ കുറിച്ച് അന്വേഷിച്ച് കമ്പനി വ്യാജമാണെന്ന റിപ്പോര്‍ട്ട് കൈമാറിയിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും ധാരണാപത്രം ഒപ്പിട്ടത് ഉന്നതരുടെ അറിവോടെയെന്നും മുരളീധരന്‍.
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ വിവാദ കമ്പനി ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇഎംസിസിയുടെ വിവരങ്ങൾ തേടി ഒക്ടോബർ മൂന്നിന് ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതെതുടര്‍ന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് കമ്പനിയെക്കുറിച്ച് അന്വേഷിക്കുകയും ആ മേൽവിലാസത്തിൽ ഒരു കമ്പനിയില്ലെന്നും വ്യാജമാണെന്നും കോൺസുലേറ്റ് ഒക്ടോബർ 21ന് ഗതാഗത സെക്രട്ടറിക്ക് മറുപടിയും നൽകിയിരുന്നതാണ്.
പിന്നീട് നാല് മാസത്തിന് ശേഷമാണ് ഇഎംസിസിയുമായി സർക്കാർ ധാരണപത്രം ഒപ്പിട്ടത്. മുന്നറിയിപ്പ് ലഭിച്ചിട്ടും കരാർ ഒപ്പിട്ടത് ഉന്നതരുടെ അറിവോടെയെന്ന് വ്യക്തമാണ്. മന്ത്രി ഇ.പി ജയരാജൻ വായിൽ തോന്നിയത് പറയുകയാണെന്നും മറുപടി നൽകി ആറ് മാസം കഴിഞ്ഞിട്ടും മന്ത്രിമാർ അറിഞ്ഞില്ലെങ്കിൽ രാജി വച്ച് പോകണമെന്നും മുരളീധരന്‍ പറഞ്ഞു. തനിക്ക് ഷിജു വർഗീസ് എന്നയാളെ അറിയില്ലെന്നും താൻ യുഎൻ അസംബ്ലിയിൽ പങ്കെടുക്കാനാണ് പോയതെന്നും വി. മുരളീധരൻ പറഞ്ഞു.