
ക്രമക്കേട് സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്‌ചകൾ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ഈ മാസം 23ന് കെഎസ്ആർടിസി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കെഎസ്ആർടിസി ക്രമക്കേടിൽ പ്രാഥമിക അന്വേഷണം പൂർത്തിയായതായി മന്ത്രി എകെ ശശീന്ദ്രൻ. അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്‌ച കണ്ടെത്തി. ഇനി നിയമനടപടികളുമായി മുന്നോട്ടു പോകും. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഈ മാസം 23ന് കെഎസ്ആർടിസി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സമര നടപടികളുമായി ഇപ്പോൾ മുന്നോട്ടുപോകുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു സമാനമാണ്. നടപ്പാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾക്കെതിരെ സംഘടനകൾ രംഗത്തു വരുന്നത് ഖേദകരമാണ്. പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ സംഘടനകൾ ശ്രമിക്കരുത്. സംഘടനാ പ്രതിനിധികളുമായി ഇതുസംബന്ധിച്ച് കെഎസ്ആർടിസി സിഎംഡി നാളെ ചർച്ച നടത്തും. കെഎസ്ആർടിസി സിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതോടെ എംപാനൽ ജീവനക്കാരെ സംരക്ഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.