
വീടും പരിസരവും നിറയെ ഔഷധ സസ്യങ്ങളാലും ജൈവപച്ചക്കറികളാലും ഫലവൃക്ഷങ്ങളാലും കൗതുകമാവുകയാണ് സരളാഭായി ടീച്ചറുടെ വീട്
വയനാട്: വീടും പരിസരവും നിറയെ ഔഷധ സസ്യങ്ങളാലും ജൈവപച്ചക്കറികളാലും ഫലവൃക്ഷങ്ങളാലും കൗതുകമാവുകയാണ് വയനാട്ടിലെ പുല്‍പ്പള്ളിയിലെ സൂര്യകാന്തം. അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച സരളാ ഭായിയുടെ കഠിന പ്രയത്നമാണ് ഇതിനു പിന്നിൽ. വീട്ടുമുറ്റത്തും തൊടിയിലുമായി സരളാഭായി ടീച്ചര്‍ നട്ടുപരിപാലിക്കുന്നത് നൂറിലധികം സസ്യലതാതികളാണ്. സമീപത്തെ 20 സെന്‍റ് സ്ഥലം കൂടി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയും നടത്തുന്നുണ്ട് ടീച്ചർ.
കോഴിക്കോട് യൂണിവേഴ്‌സിറ്റിക്കടുത്തുള്ള ചേളാരിയിലായിരുന്നു ടീച്ചർ ആദ്യം താമസിച്ചിരുന്നത്. എന്നാൽ 10 വർഷം മുൻപാണ് വയനാട്ടില്‍ സ്ഥിരതാമസമാക്കിയത്. അതിനു ശേഷമാണ് ഈ ഭൂമി ടീച്ചര്‍ സ്വാഭാവികവനമാക്കി മാറ്റിയത്. ഫലവൃക്ഷങ്ങളുടെ സമ്പന്നതയാണ് ഈ തൊടിയിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. തേന്‍വരിക്കപ്ലാവ്, വ്യത്യസ്‌തയിനത്തില്‍പ്പെട്ട മാവുകള്‍, നെല്ലി, ചാമ്പ, സപ്പോട്ട, ബട്ടര്‍ഫ്രൂട്ട്, നാരകങ്ങള്‍, സീതാപ്പഴം, ആപ്പിള്‍ എന്നിങ്ങനെ നിരവധി ഫലവൃക്ഷങ്ങളാണ് ടീച്ചര്‍ തൊടിയില്‍ നട്ടുപരിപാലിക്കുന്നത്. വിവിധ നിറത്തിലുള്ള പാഷന്‍ഫ്രൂട്ടുകള്‍, മുന്തിരി, തണ്ണിമത്തന്‍ പോലുള്ള ഫലങ്ങളും ഇവിടെയുണ്ട്.
ബ്രഹ്മി, കൂവളം, കറ്റാര്‍വാഴ, പനിക്കൂര്‍ക്കല്‍, മുള്ളാത്ത, ചിറ്റമൃത്, ആര്യവേപ്പ് എന്നിങ്ങനെ പോകുന്നു ടീച്ചര്‍ നട്ടുവളര്‍ത്തുന്ന ഔഷധസസ്യങ്ങള്‍. സമീപത്തെ 20 സെന്‍റ് ഭൂമി പാട്ടത്തിനെടുത്ത് ജൈവപച്ചക്കറി കൃഷി നടത്തിവരികയാണ് ഈ അധ്യാപിക. കാരറ്റ്, കാബേജ്, ബീട്രൂട്ട്, പച്ചമുളക്, കാന്താരി, കുമ്പളം, മത്തന്‍, വയലറ്റ് കാബേജ്, പാവല്‍, കോവല്‍, കാരറ്റ്, ചതുരപയര്‍, കത്തിപ്പയര്‍ അടക്കമുള്ള പയറിനങ്ങള്‍ മുതൽ വെണ്ട, വഴുതന, തക്കാളി, പടവലം, ഉരുളക്കിഴങ്ങ്, ചെറിയുള്ളി, വിവിധയിനം ചീരകള്‍, കോളിഫ്ലവര്‍, ബ്രോക്കോളി, ലെറ്റൂസ് എന്നിങ്ങനെയുള്ള പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. അതോടൊപ്പം തന്നെ വാഴ, കപ്പ, ചോളം എന്നിവയും ടീച്ചര്‍ നട്ടുപരിപാലിക്കുന്നുണ്ട്.
ഭര്‍ത്താവും, ചേളാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പലുമായിരുന്ന ബി രാജേന്ദ്രന്‍റെ മരണശേഷമാണ് ടീച്ചർ പുല്‍പ്പള്ളിയില്‍ 20 സെന്‍റ് സ്ഥലവും വീടും വാങ്ങി താമസം തുടങ്ങുന്നത്. കൊവിഡ് വ്യാപനത്തിന് പിന്നാലെയുണ്ടായ ലോക്ക്ഡൗണിലെ വിരസത മാറ്റാനായിരുന്നു ടീച്ചര്‍ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. സമീപത്ത് തന്നെ താമസിക്കുന്ന അധ്യാപികയായ മകള്‍ സൗമ്യയും കൊച്ചുമക്കളുമാണ് ടീച്ചറെ സഹായിക്കുന്നത്. ഇതോടൊപ്പം തന്നെ പശു, താറാവ്, വാത്ത, കോഴി, അലങ്കാരമത്സ്യങ്ങള്‍ എന്നിവയെയും ടീച്ചര്‍ വളര്‍ത്തുന്നുണ്ട്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായകളും ഇവിടെയുണ്ട്.